Friday, 14 October 2011

വാസ്‌കോ ഡ ഗാമ ദാ ഇവിടെ ഇങ്ങനെ...

അഞ്ഞൂറില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് സാഹസികതയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കി ഇന്ത്യന്‍ മഹാസമുദ്രം മുറിച്ചുകടന്ന് രത്‌നങ്ങളുടെയും രത്‌നം പതിച്ച കൊട്ടാരങ്ങളുടെയും നാടായ ഇന്ത്യയിലേക്ക് സമുദ്രമാര്‍ഗ്ഗം കണ്ടുപിടിച്ച പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ഇന്ത്യയില്‍ ആദ്യമായി കാലുകുത്തിയ കാപ്പാട്ടേക്കാണ് ഈ യാത്ര.


കോഴിക്കോട്-കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ 16 കിലോമീറ്റര്‍ യാത്രചെയ്ത് തിരുവങ്ങൂര്‍ ഓവര്‍ബ്രിഡ്ജിന് ഇടതു വശത്തേക്കുള്ള റോഡിലേക്കിറങ്ങിയാല്‍ ഈ ബോര്‍ഡ് കാണാം.ഇവിടെനിന്ന് രണ്ടുമിനിട്ട് ഡ്രൈവ് ചെയ്താല്‍ കാപ്പാട് ബീച്ചിലെത്താം.

 
1498 ല്‍ ഗാമയുടെ കൂടെ നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ഭരണവും കൂടിയാണ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. മൂന്ന് കപ്പലുകളും നൂറ്റി എഴുപതോളം ആളുകളുമായാണ് ഗാമ കാപ്പാടെത്തിയത്.

കാപ്പാട് ബീച്ചിനെക്കുറിച്ച് ആദ്യമായി പറയാനുള്ളത് ഇതൊരു ക്ലീന്‍ ബീച്ച് ആണ് എന്നതാണ്. സാധാരണ ഒരു മത്സ്യബന്ധന കടപ്പുറത്തുകാണുന്ന ഒരു തരത്തിലുള്ള മാലിന്യങ്ങളും ഈ ചെറിയ ബീച്ചിലില്ല. ചെറിയ പാര്‍ക്കിംഗ് സൗകര്യമുണ്ട്.
ഫൈബര്‍ബോട്ടുകള്‍ കടലിലും കരയിലുമായി വിശ്രമിക്കുന്നു. ഇവിടെ കടല്‍ ശാന്തമാണ്, വേരുകള്‍ മണ്ണിനു വെളിയിലേക്കുയര്‍ത്തി കടലിനെ നോക്കി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ നിറഞ്ഞ, ശാന്തമായ നീലക്കടല്‍. വേണമെങ്കില്‍ കടലില്‍ ഒരു കുളിയൊക്കെയാവാം. കടലില്‍ അങ്ങിങ്ങ് തലയുയര്‍ത്തിനില്‍ക്കുന്ന പാറകള്‍ ശ്രദ്ധിക്കണമെന്നുമാത്രം.


വിവിധയിനം സസ്യ-ജീവജാലങ്ങള്‍ നിറഞ്ഞ കാപ്പാട് ബീച്ച് ജീവശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഉത്തമ പഠനകേന്ദ്രം തന്നെയാണ്.
  


ഞങ്ങള്‍ പഠിച്ച ആറാം ക്ലാസ് ബുക്കിലെ വാസ്‌കോ ഡ ഗാമ ഇറങ്ങിയ സ്ഥലം(സ്മാരകം) കണ്ടുപിടിക്കാനാണ് ഏറെ പണിപ്പെടേണ്ടിവന്നത്. ഒടുവില്‍ തിരിച്ചുപോരുമ്പോഴാണ് വീടുകളുടെ ചുറ്റുമതിലുകള്‍ക്കു നടുവില്‍കിടന്ന് ശ്വാസംമുട്ടുന്ന ഗാമയെ കണ്ടെത്തിയത്.. ദാ ഇവിടെ ഇങ്ങനെ...'Vasco da Gama landed here, Kappkadavu, in the year 1498'
കപ്പക്കടവ് ആണ് പീന്നീട് കാപ്പാട് ആയി ചുരുങ്ങിയത്.

Wednesday, 12 October 2011

ഒരു മഹാസംഭവം*


നിങ്ങള്‍ നല്ലൊരുഭക്ഷണപ്രിയനാണോ? നിങ്ങള്‍ക്ക് യാത്രകള്‍ ഇഷ്ടമാണോ? നിങ്ങള്‍ക്ക് നല്ലൊരു സുഹൃദ്‌സംഘമുണ്ടോ? എങ്കില്‍ തിരക്കുകള്‍ക്ക രണ്ടുദിവസം അവധികൊടുത്ത് യാത്ര തുടങ്ങിക്കോളൂ.. ഓരോ സ്ഥലങ്ങളും അവിടുത്തെ ഭക്ഷണവും രുചിച്ചുകൊണ്ടൊരു യാത്ര.. ഒപ്പം യാത്രചെയ്ത സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഭക്ഷണം കഴിച്ച ഹോട്ടലുകളെപ്പറ്റിയുള്ള വിവരങ്ങളും ബ്ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്യൂ..
സുഹൃദ്‌സംഘത്തോടൊപ്പം നടത്തുന്ന യാത്ര തീര്‍ച്ചയായും നിങ്ങളെ അടിമുടി റിഫ്രഷ് ചെയ്യും. അതിനുള്ള മനസ്സുണ്ടായിരിക്കണമെന്നുമാത്രം. ജോലിത്തിരക്കുകാരണം പ്ലാന്‍ ചെയ്ത് പ്ലാന്‍ചെയ്ത് ഒരിക്കലും നടക്കാത്ത യാത്രകള്‍ ചെയ്യുന്നവരും, 'ബാച്ചി'ലൈഫിലെ ഫ്രീഡവും സമയവുമൊന്നും ഇപ്പോഴില്ല എന്നുവിലപിക്കുന്നവരും തല്കാലം ക്ഷമിക്കുക.

ഒരു മഹാസംഭവം*
(*ഞങ്ങളെ സംബന്ധിച്ച് മാത്രം)

നൂറ്റാണ്ടുകളായി എത്രയോ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് ബീച്ചിലെ ആഴ്ചയിലൊരിക്കലോ മറ്റോ ഉണ്ടാവുന്ന ഞങ്ങളുടെ സായാഹ്ന ഒത്തുചേരലില്‍ ആണ് ഈ 'മഹാസംഭവ'വും സംഭവിച്ചത്. സംസാരത്തിനടയില്‍ തലശ്ശേരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരനായ മിന്‍ഹാസ് തലശ്ശേരി ബിരിയാണിയെപ്പറ്റി വാചാലനായി. വായില്‍ കപ്പലോടിക്കാന്‍ റെഡിയായ ഞങ്ങള്‍ക്കെല്ലാം പിന്നെ തലശ്ശേരി ബിരിയാണി കഴിച്ചേ തീരൂ എന്ന നിലയിലായി. പിന്നെ തലശ്ശേരി ട്രിപ്പിനുള്ള പ്ലാനിങ്ങായി.. വെറുതെ പ്ലാന്‍ ചെയ്താല്‍ അതുവെറും പ്ലാന്‍ മാത്രമാവുമെന്നുള്ള ഉറപ്പുകാരണം എന്തെങ്കിലും പുതുമ ട്രിപ്പിനുവരുത്താന്‍ തീരുമാനിച്ചു. യാത്രയും ഭക്ഷണവും ചേര്‍ത്തി ട്രിപ്പിന് TASTE n DRIVE എന്ന് പേര് മിന്‍ഹാസ് തന്നെ നിര്‍ദ്ദേശിച്ചു. Dont waste your taste എന്ന ക്യാപ്ഷന്‍ നിര്‍ദ്ദേശിക്കാന്‍ പ്രസൂണിന് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ... ട്രിപ്പിന് അടിപൊളിയൊരു ലോഗോ ശ്രീലാല്‍ ഡിസൈന്‍ ചെയ്തു. ഡ്രസ്സ് കോഡ് ഞങ്ങളുടെ കൂട്ടത്തിലെ ഏക സര്‍ക്കാര്‍ ജീവനക്കാരനായ ദേവാനന്ദ് approve ചെയ്യാനാണ് സമയമെടുത്തത്. നീല ജീന്‍സും വെള്ള/ കറുപ്പ് ടീ ഷര്‍ട്ടും ഡ്രസ് കോഡായി തീരുമാനിച്ചു. അങ്ങനെയങ്ങനെ 2011 ഒക്ടോബര്‍ 5 ന് മിന്‍ഹാസിന്റെ ആള്‍ട്ടോ കാറില്‍ കാപ്പാട്-തലശ്ശേരി-ബേക്കല്‍ വരെ യാത്രചെയ്യാന്‍ ഞങ്ങള്‍ ഒരുങ്ങി.