About Taste n' Drive

നിങ്ങള്‍ നല്ലൊരുഭക്ഷണപ്രിയനാണോ? നിങ്ങള്‍ക്ക് യാത്രകള്‍ ഇഷ്ടമാണോ? നിങ്ങള്‍ക്ക് നല്ലൊരു സുഹൃദ്‌സംഘമുണ്ടോ? എങ്കില്‍ തിരക്കുകള്‍ക്ക രണ്ടുദിവസം അവധികൊടുത്ത് യാത്ര തുടങ്ങിക്കോളൂ.. ഓരോ സ്ഥലങ്ങളും അവിടുത്തെ ഭക്ഷണവും രുചിച്ചുകൊണ്ടൊരു യാത്ര.. ഒപ്പം യാത്രചെയ്ത സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഭക്ഷണം കഴിച്ച ഹോട്ടലുകളെപ്പറ്റിയുള്ള വിവരങ്ങളും ബ്ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്യൂ.. 
സുഹൃദ്‌സംഘത്തോടൊപ്പം നടത്തുന്ന യാത്ര തീര്‍ച്ചയായും നിങ്ങളെ അടിമുടി റിഫ്രഷ് ചെയ്യും. അതിനുള്ള മനസ്സുണ്ടായിരിക്കണമെന്നുമാത്രം. 

ഒരു മഹാസംഭവം* 
(*ഞങ്ങളെ സംബന്ധിച്ച് മാത്രം)

നൂറ്റാണ്ടുകളായി എത്രയോ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് ബീച്ചിലെ ആഴ്ചയിലൊരിക്കലോ മറ്റോ ഉണ്ടാവുന്ന ഞങ്ങളുടെ സായാഹ്ന ഒത്തുചേരലില്‍ ആണ് ഈ 'മഹാസംഭവ'വും സംഭവിച്ചത്. സംസാരത്തിനടയില്‍ തലശ്ശേരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരനായ മിന്‍ഹാസ് തലശ്ശേരി ബിരിയാണിയെപ്പറ്റി വാചാലനായി. വായില്‍ കപ്പലോടിക്കാന്‍ റെഡിയായ ഞങ്ങള്‍ക്കെല്ലാം പിന്നെ തലശ്ശേരി ബിരിയാണി കഴിച്ചേ തീരൂ എന്ന നിലയിലായി. പിന്നെ തലശ്ശേരി ട്രിപ്പിനുള്ള പ്ലാനിങ്ങായി.. വെറുതെ പ്ലാന്‍ ചെയ്താല്‍ അതുവെറും പ്ലാന്‍ മാത്രമാവുമെന്നുള്ള ഉറപ്പുകാരണം എന്തെങ്കിലും പുതുമ ട്രിപ്പിനുവരുത്താന്‍ തീരുമാനിച്ചു. യാത്രയും ഭക്ഷണവും ചേര്‍ത്തി ട്രിപ്പിന് TASTE n DRIVE എന്ന് പേര് മിന്‍ഹാസ് തന്നെ നിര്‍ദ്ദേശിച്ചു. Dont waste your taste എന്ന ക്യാപ്ഷന്‍ നിര്‍ദ്ദേശിക്കാന്‍ പ്രസൂണിന് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ... ട്രിപ്പിന് അടിപൊളിയൊരു ലോഗോ ശ്രീലാല്‍ ഡിസൈന്‍ ചെയ്തു. ഡ്രസ്സ് കോഡ് ഞങ്ങളുടെ കൂട്ടത്തിലെ ഏക സര്‍ക്കാര്‍ ജീവനക്കാരനായ ദേവാനന്ദ് approve ചെയ്യാനാണ് സമയമെടുത്തത്. നീല ജീന്‍സും വെള്ള/ കറുപ്പ് ടീ ഷര്‍ട്ടും ഡ്രസ് കോഡായി തീരുമാനിച്ചു. അങ്ങനെയങ്ങനെ 2011 ഒക്ടോബര്‍ 5 ന് മിന്‍ഹാസിന്റെ ആള്‍ട്ടോ കാറില്‍ കാപ്പാട്-തലശ്ശേരി-ബേക്കല്‍ വരെ യാത്രചെയ്യാന്‍ ഞങ്ങള്‍ ഒരുങ്ങി.

No comments:

Post a Comment